
മാനസികാരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദയാവധത്തിന് അനുമതി തേടി യുവഗായകൻ. ബ്രിട്ടനിൽ നിന്നുള്ള ഗായകൻ ജോസഫ് അവ്വ ഡാർകോ എന്ന ഇരുപത്തിയെട്ടുകാരനാണ് നെതർലൻഡ്സിൽ ദയാവധത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങൾ മൂലം വലഞ്ഞ ഇരുപത്തിയെട്ടുകാരി ദയാവധം സ്വീകരിച്ചതിന് പിന്നാലെയാണ് ജോസഫും തന്റെ ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടിയിരിക്കുന്നത്. നെതർലൻഡ്സ് 2001-ലാണ് ദയാവധം നിയമവിധേമയാക്കുന്നത്.
നിയമപരമായി ജീവിതം അവസാനിപ്പിക്കാനായി നെതർലൻഡ്സിലേക്ക് താമസം മാറിയിരിക്കുകയാണ് ജോസഫ്. ദി ലാസ്റ്റ് സപ്പർ പ്രൊജക്റ്റ് എന്ന പേരിലാണ് ജോസഫ് തന്റെ കഥ മറ്റുള്ളവരോട് പങ്കുവെക്കുന്നത്. എനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്, നിയമപരമായി ജീവിതം അവസാനിപ്പിക്കാൻ നെതർലന്റ്സിലേക്ക് മാറിയിരിക്കുകയാണ്.- ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജോസഫ് പറയുന്നു.
താൻ ഓരോ ദിവസവും എഴുന്നേൽക്കുന്നത് കടുത്ത മാനസിക വേദനയോടെയാണെന്ന് ജോസഫ് വീഡിയോയിൽ പറയുന്നു. നെതർലന്റ്സിലെ ദയാവധവുമായി ബന്ധപ്പെട്ട വിദഗ്ധരുമായി കഴിഞ്ഞ അഞ്ചുവർഷമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ജോസഫ് വ്യക്തമാക്കി.











